വടക്കഞ്ചേരി: മൂന്നുപതിറ്റാണ്ടുമുമ്പ് കുടിവെള്ള പദ്ധതിക്കായി മുംബൈയിൽനിന്നും കൊണ്ടുവന്ന ഫിൽറ്റർ ടാങ്കാണിത്. പക്ഷെ, വെള്ളം നനയാൻപോലും ഈ ടാങ്കിനു ഭാഗ്യമുണ്ടായില്ല.
വണ്ടാഴി വളയൽ പുഴക്കരികെ വെട്ടിക്കൽകുണ്ടിലാണ് ടാങ്ക് അനാഥമായി നിൽക്കുന്നത്. ഇത്രയേറെ വർഷങ്ങളായിട്ടും ടാങ്കിന്റെ പുറമേയ്ക്ക് വലിയ കേടുപാടുകളൊന്നും കാണാനില്ല.
കാലപ്പഴക്കത്തിന്റെ ഭംഗിക്കുറവ് മാത്രമേയുള്ളു. പുഴയിൽ തടയണ നിർമിച്ച് അതിലെ വെള്ളം ഫിൽറ്റർ ടാങ്കിലെത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ള വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി പുഴയിൽ തടയണയും വലിയ മോട്ടോർ ഷെഡും 20 എച്ച്പിയുടെ മോട്ടോറും സ്ഥാപിച്ചു. ടാങ്ക് സ്ഥലത്തെത്തിച്ച് ഒരുവർഷത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ ഈ കാലാവധിക്കുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യാനായില്ല. ഫിൽറ്റർടാങ്ക് കണക്ട് ചെയ്ത് പ്രവർത്തിപ്പിക്കാൻ മുംബൈയിൽനിന്നും മെക്കാനിക്കിനെ എത്തിച്ചിരുന്നെങ്കിലും പദ്ധതി കമ്മീഷനിംഗ് നടക്കാതിരുന്നതിനാൽ അവരും തിരിച്ചുപോയി. പിന്നീട് ഈ ടാങ്ക് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികജ്ഞാനം ഇവിടുത്തുക്കാർക്കുണ്ടായില്ല. അങ്ങനെ മൂന്നു പതിറ്റാണ്ട് മുമ്പ് കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ച പണവും പദ്ധതിയും പാഴായി. റോഡരികിൽ ഇടയ്ക്കിടെ പൊന്തക്കാടിനുള്ളിലും അല്ലാതെയും നിൽക്കുന്ന ടാങ്കിന്റെ ചരിത്രമാണിത്.
ഇതിനടുത്ത് തകർന്നുവീഴാറായ മോട്ടോർപുരയും തകർന്നുനശിച്ച തടയണയുമുണ്ട്. ഇവിടുത്തെ ചെക്ക്ഡാം തകർന്നപ്പോൾ തൊട്ടുതാഴെ മറ്റൊരു തടയണ കൂടി നിർമിച്ചു. അതും തകർന്നു.
ഇപ്പോൾ പുഴ ഗതിമാറി പുഴയോരത്തെ പറമ്പുകളിലൂടെയാണ് ഒഴുകുന്നത്. വെളളത്തിന്റെ കുത്തൊഴുക്കിൽ തോട്ടത്തിലെ നിരവധി തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും ഒലിച്ചു പോയി. തടയണകൾ തകർന്നതോടെ ജലസംഭരണം ഇല്ലാതായി. മഴക്കാലത്തിനു പിന്നാലെ പുഴയിലെ വെള്ളംവറ്റുന്ന സ്ഥിതിയാണെന്നു കർഷകർ പറഞ്ഞു.